Thursday, July 23, 2009

ഹൈ ഹീല്‍ഡ് ചെരിപ്പിന്റെ രാഷ്ട്രീയം

സ്ത്രീയാണെങ്കില്‍ ഹൈ ഹീല്‍ഡ് ചെരിപ്പ് തന്നെ ഉപയോഗിക്കണമെന്ന ഒരു ധാരണ നമ്മുടെ നാട്ടിലും പ്രബലമായി നിലനില്‍ക്കുകയാണ്. ചെരിപ്പ് ഉപയോഗിക്കുന്നത് കാലിന് ഒരു സംരക്ഷണം എന്ന നിലയിലാണ് . അങ്ങനെയെങ്കില്‍ കാലിന്റെ ഘടനയുമായി പൊരുത്തപ്പെടാത്ത ഹൈ ഹീല്‍ഡ് ചെരിപ്പ് ഉപയോഗിക്കുന്നതെന്തിന് ? കാല്‍ പരത്തിയാണ് നിലത്ത് ഊന്നേണ്ടത്. ചെരിപ്പ് ഉപയോഗിക്കുമ്പോഴും ആ ഘടനക്ക് മാറ്റം സംഭവിക്കാന്‍ പാടില്ലാത്തതാണ്. നിരന്തരം ഉപ്പൂറ്റി പൊന്തിച്ച് നടക്കുന്നത് നടുവേദനക്കും പല തരം ശാരീരികക്ലേശങ്ങള്‍ക്കും വഴിവെക്കും. എന്നിട്ടും ഈ സാധനം ഉപയോഗിക്കാന്‍ സ്ത്രീകളെന്തിന് നിര്‍ബന്ധം പിടിക്കുന്നു? പാവങ്ങള്‍. ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നില്ല.

വാസ്തവത്തില്‍ പുരുഷന്റെ താത്പര്യമനുസരിച്ച് ഉണ്ടാക്കപ്പെട്ടിട്ടുള്ള ഒരു സാധനമാണ് സ്ത്രീകള്‍ ഉപയോഗിക്കുന്ന ഉപ്പൂറ്റിപൊന്തിച്ചെരുപ്പുകള്‍. ഉപ്പൂറ്റി പൊന്തിയിരിക്കുമ്പോള്‍ ശരീരം മുമ്പോട്ട് ചായും.
ഇത് നേരെയാക്കാന്‍ വേണ്ടി നിവരുമ്പോള്‍ നിതംബത്തിന് (നാടന്‍ ഭാഷയില്‍ ചന്തി എന്നു പറയും.) ഒരു തള്ളല്‍ സംഭവിക്കും. സംഗതി പിടി കിട്ടിയോ? നിതംബം വികസിപ്പിക്കാനുള്ള ഒരു വഴിയാണ് ഈ ഹൈ ഹീല്‍ഡ് പരിപാടി. ഇങ്ങനെ വികസിപ്പിക്കേണ്ടത് സ്ത്രീകളുടെ ആവശ്യമല്ല, പുരുഷന്റെ ആഗ്രഹവും തത്പര്യവും ആണ്. സ്ത്രീയുടെ നിതംബം കണ്ടു രസിക്കാന്‍ പുരുഷന്‍ മാര്‍ ഡവലപ് ചെയ്തെടുത്ത ഒരു അനാവശ്യവസ്തു.അതിനു പാകത്തില്‍ നിന്നു കൊടുക്കാന്‍ ചില സ്ത്രീകളും. ഈ സത്യമറിയാതെ ഫെമിനിസ്റ്റ് തീവ്രവാദികള്‍ പോലും ഹൈ ഹീല്‍ഡ് ചെരിപ്പുമിട്ട് നടക്കുന്നു. ‘ഹാ കഷ്ടം‘ എന്നല്ലതെ എന്തു പറയാന്‍?